നമ്മള്‍ അതിജീവിക്കും

നമ്മള്‍ അതിജീവിക്കും

ഈ നാളുകളിൽ നമ്മുടെ സമൂഹത്തിൽ ഉയർന്നു കേൾക്കുന്ന ഒരുമയുടെയും ആത്മവിശ്വാസത്തിൻ്റെയും ശബ്‌ദം ആണ് ‘നമ്മൾ അതിജീവിക്കും’ എന്ന വാക്കുകൾ. മുൻവർഷങ്ങളിലെ മഹാപ്രളയത്തിൽ നിന്ന്‌ കരകയറി വരും മുമ്പേ നമ്മെ എതിരേറ്റ കോവിഡ്-19 എന്ന മഹാമാരിയിലും, പ്രകൃതി ദുരന്തങ്ങളുടെ മുഖത്തും, അപകടങ്ങളുടെ മദ്ധ്യേയും നാം ഒറ്റകെട്ടായി ഉറക്കെ പറഞ്ഞു – ‘നമ്മൾ അതിജീവിക്കും ‘. ഇങ്ങനെയുള്ള ദുരന്തങ്ങൾ വരുമ്പോൾ സാമൂഹികപ്രവർത്തകരും ആരോഗ്യരംഗത്തുള്ളവരും ഭരണകർത്താക്കളും പൊതുജനവും ഒരുമിച്ചു പ്രവർത്തിക്കുന്നു. ഈ കൂട്ടായ പ്രവർത്തനങ്ങൾ പ്രയാസത്തിൽ ആയിരിക്കുന്നവർക്കു അതിജീവനത്തിനു ശക്തി പകരുന്നു.

അതിജീവനത്തിന്റെ വ്യത്യസ്തമായ തലങ്ങൾ

പ്രകൃതിദുരന്തങ്ങളോ സമാനസാഹചര്യങ്ങളോ വരുമ്പോൾ മനുഷ്യർ ഒറ്റകെട്ടായി പ്രവർത്തിക്കുന്നു. എന്നാൽ സമാന സാഹചര്യങ്ങൾ നമ്മുടെ വ്യക്തിജീവിതത്തിൽ വന്നാലോ? പ്രശ്‌നങ്ങൾ മനുഷ്യജീവിതത്തിൻ്റെ ഭാഗം ആണ്.എല്ലാ പ്രായക്കാരിലും ഏതു മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പ്രശ്‍നങ്ങൾ ഉണ്ട്. ഒരു കൊച്ചു കുട്ടിയ്ക്കു സ്‍കൂൾ, കൂട്ടുകാർ തുടങ്ങിയ തലങ്ങളിൽ ഒക്കെ പ്രശ്‍നങ്ങൾ നേരിടേണ്ടി വരും. ഇനി അവൻ ഒരു യുവാവ് ആകുമ്പോഴോ; കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ, മക്കളുടെ വിദ്യാഭ്യാസം, ജോലി സംബന്ധിച്ച പ്രശ്‍നങ്ങൾ, സഹപ്രവത്തകരിൽ നിന്നുള്ള പ്രശ്‍നങ്ങൾ, സാമ്പത്തികപ്രശ്‍നങ്ങൾ ഇങ്ങനെ ഒരു നീണ്ടനിര തന്നെ ഉണ്ടാകും. വാർദ്ധിക്യത്തിൽ രോഗങ്ങൾ, ഏകാന്തത ഇങ്ങനെ പോകും. ഈ പ്രശ്നങ്ങൾ ഒക്കെ “ഞാൻ” എന്ന വ്യകതി തന്നെ അതിജീവിക്കണം.

അനുവാര്യനായ സഹയാത്രികൻ

കഠിനമായ ജോലികൾ ഒറ്റയ്ക്ക് ചെയ്യുന്നത് നമ്മെ തളർത്തും എന്നാലോ, മികവുള്ള ഒരു വ്യക്തി നമ്മൂടെ കൂടെയുണ്ടെങ്കിൽ ആ ജോലിയുടെ ഭാരം നമ്മൾ അറിയുകപോലുമില്ല. “ഒരുവനെക്കാൾ ഇരുവർ നല്ലതു”എന്ന് ഒരു ചൊല്ലുണ്ടല്ലോ! പർവ്വതാരോഹർ, സാഹസിക യാത്രികർ ഒക്കെ വഴികാട്ടികൾക്കൊപ്പം, കുറഞ്ഞപക്ഷം രണ്ടു പേരെങ്കിലുമുള്ള ചെറുസംഘമായിട്ടാണ് പൊതുവെ യാത്ര ചെയ്യുന്നത്.പരസ്പരം സംസാരിച്ചും സഹായിച്ചും പോകുമ്പോൾ അവരുടെ യാത്രാക്ഷീണം അറിയില്ല, യാത്ര സുരക്ഷിതവും ആയിരിക്കും.മറിച്ചു ആ സാഹസികയാത്ര നാം തനിയെ ചെയ്യുന്നെങ്കിലോ അത് അപകടകരമാണ് , നാം തളർന്നു പോകും – യാത്ര വിജയകരമായി പൂർത്തിയാക്കാൻ നമുക്ക് കഴിഞ്ഞു എന്ന് വരില്ല.

സഹയാത്രികൻ 

“ജീവിതം ഒരു യാത്രയാണ്. ആലോചിച്ചു തീരുമാനങ്ങൾ എടുക്കേണ്ടുന്ന ഒരു യാത്ര, സന്തോഷവും ദുഃഖവും ഒക്കെ മാറിമാറി വരുന്ന സാഹചര്യങ്ങൾ ഉള്ള യാത്ര, ചിലപ്പോൾ പ്രതികൂലഘട്ടം ചിലപ്പോൾ അനുകൂലം”- എന്നാൽ ഇവിടെ എല്ലാം “ഞാൻ” എന്ന വ്യക്തി എങ്ങനെ തീരുമാനങ്ങൾ എടുക്കുന്നു? സാഹചര്യങ്ങളെ “ഞാൻ” എങ്ങനെ നേരിടുന്നു? ഈ യാത്രയിൽ നമ്മുടെ കൂടെ ഒരാൾ ഉണ്ടെങ്കിലോ? അതും നമ്മെക്കാൾ കഴിവുള്ള ഒരാൾ വഴികാട്ടിയായി ഉണ്ടെങ്കിലോ? അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ സാഹചര്യങ്ങൾ നമ്മളെ തളർത്തില്ല. വിഷമസന്ധികളും,പ്രശ്നങ്ങളും നാം അതിജീവിക്കും .

കൈവിടാത്ത നിത്യ സ്നേഹിതൻ

എന്നാൽ ചോദ്യം ഇതാണ്? ജീവിതത്തിൽ “ഞാൻ” എന്ന വ്യക്തിയോടൊപ്പം എന്നും ആര് ഉണ്ടാകും? മാതാപിതാക്കൾക്ക് ഒരു പ്രായം വരെ മാത്രമേ നമ്മെ സഹായിക്കാൻ കഴിയൂ. ജീവിതപങ്കാളി, മക്കൾ, കൂട്ടുകാർ ഇവർക്ക് ഒക്കെ പരിധികളും പരിമിതികളും ഉണ്ട്. തന്നെയുമല്ല അവർ നമ്മുടെ തീരുമാനങ്ങളെ ആശ്രയിക്കുന്നവർ ആണ്. സർവ്വശക്തനായ ദൈവം തൻ്റെ വചനത്തിൽ ഇങ്ങനെ പറയുന്നു,”ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ,ഞാൻ നിൻ്റെ ദൈവമാകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എൻ്റെ നീതിയുള്ള വലംകൈ കൊണ്ടു ഞാൻ നിന്നെ താങ്ങും….”യെശയ്യാവ് 41:10. മറ്റൊരു ഭാഗത്തു ഇങ്ങനെ എഴുതിയിരിക്കുന്നു, “ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ (പ്രശ്നങ്ങളുടെ മദ്ധ്യേ) പേടിക്കരുതു, ഭ്രമിക്കയുമരുതു; നിൻ്റെ ദൈവമായ യഹോവ തന്നെ നിന്നോടുകൂടെ പോരുന്നു; ദൈവമായ യഹോവ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല…” ആവർത്തനം 31: 6.

നമ്മുടെ യാത്രയിൽ സർവ്വശക്തനായ ഈ ദൈവം കൂടെ ഉണ്ടെങ്കിൽ, എല്ലാ പ്രശ്‍നങ്ങളെയും അതിജീവിക്കാൻ നമുക്ക് സാധിക്കും. ജീവിതയാത്രയിൽ നമ്മെ സഹായിക്കാൻ ശക്തനായ ഈ സുഹൃത്തിനെ നമുക്ക് ആവശ്യമാണ്. നമുക്കു അറിയാത്ത വഴികളിൽ നാം തനിയെ യാത്ര ചെയ്യുന്നു എങ്കിൽ തളർന്നുപോകും,എന്നാൽ ശക്തനായ കർത്താവു നമ്മോടൊപ്പം ഉണ്ടെങ്കിലോ സകല പ്രതിസന്ധികളെയും അതിജീവിക്കാം.