മരണത്തെ തടയുക സാധ്യമോ?
ജനിച്ചാൽ മരിക്കുക എന്നത് ഈ ലോകത്തിൽ അനിവാര്യമായ ഒരു സംഗതിയാണ്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ നിർണായകമായ മുന്നേറ്റങ്ങൾ മനുഷ്യർ നടത്തിയിട്ടുണ്ടെങ്കിലും മരണം എന്നത് ഒരു നിഗൂഢ സമസ്യയായി ഇന്നും തുടരുന്നു. ആയുർദൈർഖ്യം എങ്ങനെ കൂട്ടാം എന്നതിനെപ്പറ്റി പല ഗവേഷണങ്ങളും നടക്കുന്നുണ്ടെങ്കിലും ഗണ്യമായ ഒരു പുരോഗതി ആ കാര്യത്തിൽ ഉണ്ടായിട്ടില്ല. മരണത്തെ ശരിക്കും തടയാൻ പറ്റുമോ? മരിച്ചു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക?
മരിക്കുവാനായി ജനിച്ച ഒരു മനുഷ്യൻ !!
മരിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി ജനിച്ച ഒരു മനുഷ്യനെപ്പറ്റി ഈ ഈസ്റ്റർ ദിവസത്തിൽ നമുക്ക് ചിന്തിക്കാം. അസ്വാഭാവികം എന്നു തോന്നാം അല്ലേ? എന്നാൽ വാസ്തവമായും മനുഷ്യവർഗത്തിൻ്റെ പാപ പരിഹാരത്തിനായി മരിക്കുവാൻ വേണ്ടി ആണ് അദ്ദേഹം ജനിച്ചത് . ബൈബിൾ ഇങ്ങനെ പറയുന്നു: “തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16 ). ദൈവപുത്രനായ ക്രിസ്തു മനുഷ്യരെ രക്ഷിക്കുവാൻ വേണ്ടി ഈ ഭൂമിയിലേക്ക് വന്നു. റോമർ 3 :23 – ൽ ബൈബിൾ ഇങ്ങനെ പറയുന്നുണ്ട് “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു നഷ്ടപെട്ടവരായി തീർന്നു “. നമ്മിൽ എല്ലാവരിലും ജന്മനാ പാപ സ്വഭാവം ഉണ്ട്. കള്ളം പറയുവാനോ മോഷ്ടിക്കുവാനോ നമ്മെ ആരും പഠിപ്പിക്കേണ്ടതില്ല. കാരണം അവ അധഃപതിക്കപ്പെട്ട മനുഷ്യ സ്വഭാവത്തിൻ്റെ സഹജ ലക്ഷണങ്ങൾ ആണ് .യുക്തിപരമായി നോക്കുകയാണെങ്കിൽ പാപം ചെയ്യുന്ന ഒരു വ്യക്തി ശിക്ഷിക്കപ്പെടേണ്ടതാണ്. ദൈവിക കോടതിയിൽ അതെങ്ങനെ ആയിരിക്കും നടപ്പാക്കപ്പെടുക? ദൈവനീതിപ്രകാരം പാപത്തിൻ്റെ ശിക്ഷ മരണമാണ്. മനുഷ്യൻ അത് ഏറ്റെടുക്കുവാൻ ബാധ്യസ്ഥനുമാണ് . എന്നാൽ യേശുക്രിസ്തു തൻ്റെ മരണത്തിലൂടെ സകല മനുഷ്യരുടെയും പാപത്തിൻ്റെ ശിക്ഷ ഏറ്റെടുത്തു. യേശുവിൻ്റെ ക്രൂരമായ കുരിശുമരണം കാണിക്കുന്നത് മനുഷ്യരുടെ പാപങ്ങളുടെ കാഠിന്യം ആണ് .
എന്നാൽ തൻ്റെ കഥ മരണം കൊണ്ട് അവസാനിച്ചുവോ?
ബൈബിളിൽ ലൂക്കോസിൻ്റെ സുവിശേഷം ഇരുപത്തിനാലാം അധ്യായത്തിൽ, യേശുവിൻ്റെ കല്ലറയിൽ നിന്ന് കല്ലുരുട്ടി മാറ്റിയതിൻ്റെയും ദൂതന്മാർ യേശുവിൻ്റെ ഉയിർത്തെഴുന്നേൽപ്പ് പ്രസ്താവിക്കുന്നതിൻ്റെയും അദ്ഭുതകരമായ വിവരണം കാണാം. ഇതു സത്യമാകാൻ സാധ്യതയുണ്ടോ? ഏതൊരു സംഭവത്തിൻ്റെയും സാധുത ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ ഉറപ്പിക്കേണ്ടത് ആവശ്യമാണ്. നമുക്കറിയാം കോടതികളിൽ പലപ്പോഴും കേസുകളുടെ വിശ്വാസ്യത നിശ്ചയിക്കുന്നത് സാക്ഷികളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ആണ്. ഈ വിഷയത്തിലും ഉള്ള നിരവധി ദൃസാക്ഷിവിവരണങ്ങൾ നമുക്ക് നോക്കാം. യേശുവിൻ്റെ മരണവും ഉയർത്തെഴുന്നേല്പും പ്രധാനമായി വിവരിച്ചിട്ടുള്ളത് മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ നാല് സുവിശേഷങ്ങളിലും മറ്റു ചരിത്ര പുസ്തകങ്ങളിലും ആണ്. മഗ്ദലക്കാരിത്തി മറിയ എന്ന സ്ത്രീയ്ക്ക് ആണ് യേശു ആദ്യം പ്രത്യക്ഷനായത് . തുടർന്ന് മറ്റു ശിഷ്യന്മാർക്കും പ്രത്യക്ഷനായി. ശിഷ്യന്മാരെ യേശു തൻ്റെ കരങ്ങളും കാലുകളും കാണിച്ചിട്ട് ഇങ്ങനെ പറഞ്ഞു: “ഞാൻ തന്നെ ആകുന്നു; എന്നെ തൊട്ടുനോക്കുവിൻ ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ”. ഒരു മനുഷ്യൻ മരിച്ചു ഉയിർത്തെഴുന്നേറ്റു എന്നതിനു മനുഷ്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏക അദ്ഭുതം ഇതാണ്.
യേശു മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കുക മാത്രമല്ല, തന്നിൽ വിശ്വസിക്കുന്നവരെ ചേർക്കുവാൻ വീണ്ടും വരും എന്ന് വാഗ്ദത്തം ചെയ്തു കൊണ്ട് സ്വർഗത്തിലേക്ക് കരേറിപ്പോകുകയും ചെയ്തു. തന്നിൽ വിശ്വസിക്കുന്നവർ ദൈവത്തോടുകൂടെ എന്നേക്കും ജീവിയ്ക്കും . അതു വാസ്തവമാണോ? തീർച്ചയായും! യോഹന്നാൻ 11:25 ൽ യേശുക്രിസ്തു പറഞ്ഞു, ” ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും”.
യേശുക്രിസ്തുവിലുള്ള നിത്യജീവൻ.
നമ്മുടെ ശരീരത്തിൻ്റെ മരണം തടയുവാൻ നമുക്ക് കഴിയുകയില്ല. എന്നാൽ നമ്മുടെ ഉള്ളിലുള്ള ആത്മാവ് എന്നേക്കും ജീവിക്കുന്നതാണ്. അതിൻ്റെ വിധി നിർണ്ണയിക്കുവാൻ നമുക്ക് കഴിയും. നമ്മുടെ ആത്മാവിൻ്റെ മോക്ഷം എങ്ങനെ സാധ്യമാകും? ഞാൻ ഒരു പാപി ആണെന്ന് അംഗീകരിക്കുക. യേശുക്രിസ്തു എൻ്റെ പാപങ്ങൾക്കു വേണ്ടി മരിച്ചു എന്ന് വിശ്വസിക്കുക. എൻ്റെ പാപങ്ങൾ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുക. യേശുവിനെ ജീവിതത്തിൻ്റെ കർത്താവായി സ്വീകരിക്കുക. അങ്ങനെ ചെയ്താൽ യേശു താങ്കൾക്കു നിത്യജീവൻ തരിക മാത്രമല്ല, താൻ താങ്കളുടെ ഹൃദയത്തിൽ വസിക്കുകയും ചെയ്യും .
‘സന്തോഷിക്കുക! ഭയപ്പെടേണ്ട! സമാധാനം!’ പുനരുത്ഥാന ശേഷം ശിഷ്യന്മാരെ കണ്ടപ്പോൾ യേശു ഈ വാക്കുകൾ ആണ് അവരോടു പറഞ്ഞത്. യുദ്ധങ്ങളും കഷ്ടതയും രോഗങ്ങളും മരണവും മൂലം ശിഥിലമായ ഈ ലോകത്തിൽ , യേശു സമാധാനവും സന്തോഷവും മരണഭയത്തിൽ നിന്ന് എന്നേക്കുമുള്ള സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്നു. യേശുവിനെ സ്വീകരിച്ചു, അവനെ താങ്കളുടെ ഹൃദയത്തിൽ വസിക്കുവാൻ ഇന്ന് അനുവദിക്കുമോ? ഈ ഈസ്റ്റർ ദിനത്തിൽ , ഉയിർത്തെഴുന്നേറ്റവനായ യേശുക്രിസ്തു ഒരു പുതിയ ജീവിതം താങ്കൾക്ക് ദാനമായി നൽകട്ടെ.