എന്താണ് യഥാർത്ഥ സ്വാതന്ത്ര്യം?

എന്താണ് യഥാർത്ഥ സ്വാതന്ത്ര്യം ?

യഥാർത്ഥ സ്വാതന്ത്ര്യം എന്നാൽ എന്താണ്?

സ്വാതന്ത്ര്യം എന്നത് നാം തിരഞ്ഞെടുത്ത ഭരണകൂടത്തിനുകീഴിൽ ജീവിച്ചുകൊണ്ട് അഭിപ്രായങ്ങൾ
പ്രകടിപ്പിക്കുവാനും ഇഷ്ടപ്പെട്ട ജോലി ചെയ്യാനും നമ്മെ പ്രാപ്തരാക്കുന്നതാണ്.
അതുപോലെ, ഒരു പക്ഷി തൻ്റെ കൂട്ടിൽ നിന്ന് സ്വതന്ത്ര ആകുമ്പോഴും ഒരു തടവുപുള്ളി ജയിൽ മോചിതനാവുമ്പോളും അനുഭവിക്കുന്നത് ഒരു പ്രത്യേക സ്വാതന്ത്ര്യം ആണ് .

എന്നാൽ ഇതൊക്കെ യഥാർത്ഥ സ്വാതന്ത്ര്യത്തിൻ്റെ നിർവചനമാണോ?

തീർച്ചയായും, ഇതിനെ നമുക്കൊരുതരത്തിൽ ഒരു രാഷ്ട്രീയ സ്വാതന്ത്ര്യമായി കണക്കാക്കാം.
എന്നാൽ സ്വാതന്ത്ര്യത്തിനു മറ്റു വകഭേദങ്ങളും ഉണ്ട് . അവയിൽ ചിലതാണ് ധാർമീക സ്വാതന്ത്ര്യവും ആത്മീക സ്വാതന്ത്ര്യവും.
സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും നാം യഥാർത്ഥത്തിൽ ധാർമീകമായും ആത്മീകമായും സ്വതതന്ത്രരാണോ?
ബാഹ്യമായ സ്വാതന്ത്ര്യത്തേക്കാൾ തികവുള്ള, പൂർണ്ണമായ സ്വാതന്ത്ര്യത്തിലാണ് നാം കൂടുതലായി സന്തോഷിക്കേണ്ടത്. അടിസ്ഥാനപരമായി നാമോരോരുത്തരും പാപത്തിൻ്റെ അടിമത്തം അനുഭവിക്കുന്നവരാണ്.പാപത്തിൽ ജനിച്ചവരായ നമ്മിൽ പാപ സാന്നിധ്യം നമ്മുടെ വ്യക്തിത്വങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനാൽ അതിൻ്റെ അടിമത്തത്തിൽ നിന്ന് തനിയെ മോചനം നേടുക എന്നുള്ളത് അസാധ്യമാണ്.

ഏകൻ്റെ മരണവും നിത്യമായ സ്വാതന്ത്ര്യവും

ബൈബിൾ ഇങ്ങനെ പറയുന്നു, ദൈവം മനുഷ്യനെ ദൈവത്തോടുള്ള കൂട്ടായ്മക്കായും തൻ്റെ മഹത്വത്തിനുമായും സൃഷ്ടിച്ചിരിക്കുന്നു.പാപത്തിൻ്റെ അടിമത്തത്തിൻകീഴിലല്ലാതെ ദൈവവുമായി ഹൃദ്യവും പരിശുദ്ധവുമായ ഒരു ബന്ധമുണ്ടായിരുന്ന കാലം മനുഷ്യന് ഉണ്ടായിരുന്നു. എന്നാൽ ആദിമ മാതാപിതാക്കൾ ദൈവത്തിൻറെ കല്പനകളെ അനുസരിക്കാത്തതിനാൽ ദൈവവുമായുള്ള യഥാർത്ഥ ബന്ധവും സ്വാതന്ത്ര്യവും മനുഷ്യനു നഷ്ട്മാകുവാനും,പാപത്തിൻ്റെ അടിമത്തത്തിൽ ആകുവാനുമിടയായി.
അതു മൂലം സകല മനുഷ്യരും ദൈവീകമായ ബന്ധത്തിൽ നിന്ന് പിന്തള്ളപ്പെടുവാനിടയായി. എന്നാൽ അതിൻ്റെ ഭവിഷ്യത്ത് മനുഷ്യൻ്റെ ഈ ലോകത്തിലെ ശാരീരിക മരണം മാത്രമായിരുന്നില്ല, നിത്യമായ ഒരു ആത്മീക മരണത്തിനും അത് കാരണമായിത്തീർന്നു . മനുഷ്യനെ ഇന്ന് കാണുംവിധം ദൈവത്തിൽ നിന്നകറ്റുവാനും നിത്യമായ ആത്മീക മരണം സംഭവിക്കുന്നതിനും കാരണം അതാണ്.
എന്നാൽ നശിച്ചുപോകാത്തതും നിത്യമായതുമായ ഒരു ജീവിതം മനുഷ്യന്, നൽകുവാൻ നമ്മുടെ പാപത്തിൻ്റെ പ്രായശ്ചിത്തമായി കർത്താവായ യേശു ക്രിസ്തു കാൽവരി കുരിശിൽ മരിക്കുകയും മൂന്നാം നാൾ ഉയർത്തെഴുനേൽക്കുകയും ചെയ്തു.
കർത്താവായ യേശുവിനെ ആര് ശരണം ആക്കുന്നുവോ, അവരുടെ ജീവിതത്തിൽ ഈ യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കുവാനും അനുഭവിക്കുവാനും ഇടയാകും.