ഏറ്റവും വലിയ തിരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ്

നമ്മുടെ കേരളം ഇപ്പോൾ ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണല്ലോ. ഓരോ പൗരന്റെയും വോട്ട് നമ്മുടെ സംസ്ഥാനത്തിന്റെ അടുത്ത സർക്കാരിനെ തീരുമാനിക്കുന്നതിനു പ്രാധാന്യമുള്ളതാണ്. അങ്ങനെ ഓരോ വ്യക്തിക്കും തിരഞ്ഞെടുപ്പ് എന്നതു അവരുടെ ദേശത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാകുന്നു.

നാം നമ്മുടെ ജീവിതത്തിൽ‌ നിരവധി തിരഞ്ഞെടുപ്പുകൾ‌ നടത്തുന്നുണ്ട്. നാം നടത്തുന്ന തിരഞ്ഞെടുപ്പുകൾ‌ നമ്മുടെ തന്നെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. അത് രാജ്യത്തിന്റെ നേതാവിന്റെ തിരഞ്ഞെടുപ്പാകാം, നമ്മുടെ ജീവിത പങ്കാളിയെ നിശ്ചയിക്കുന്ന വളരെ നിർണായകമായ തിരഞ്ഞെടുപ്പാകാം, ഒരു വാഹനം അല്ലെങ്കിൽ വീടു വാങ്ങുന്നതിന്റെ തിരഞ്ഞെടുപ്പാകാം. ചില തെറ്റായ തീരുമാനങ്ങൾ എളുപ്പത്തിൽ തിരുത്താൻ പറ്റും. എന്നാൽ ഈ ഭൂമിയിലെ നമ്മുടെ ജീവിതഗതിയെ ഗണ്യമായി മാറ്റാൻ കഴിയുന്ന ചില നിർണായക തിരഞ്ഞെടുപ്പുകൾ ഉണ്ട്. മരണത്തിനു ശേഷം നമ്മുടെ ജീവിതം എങ്ങോട്ട് എന്നതിനെയും ഈ തീരുമാനം സ്വാധീനിക്കാം.

മരണാനന്തര ജീവിതത്തിനുള്ള തിരഞ്ഞെടുപ്പ്

ഈ ഭൂമിയിലെ നമ്മുടെ ജീവിതം വളരെ ചെറുതാണ്. അത് ഇന്നു വിരിഞ്ഞു നാളെ വാടിപ്പോകുന്ന പൂവിനെ പോലെയാണ്. മരണത്തിനുശേഷം നാം ചെലവഴിക്കേണ്ട ഒരു നിത്യത ഉണ്ട്. ഈ ഭൂമിയിൽ നാം ആയിരിക്കുമ്പോൾ ചെയ്യുന്ന ഒരു തിരഞ്ഞെടുപ്പ് നമ്മുടെ നിത്യത സ്വർഗത്തിലോ അതോ നരകത്തിലോ ചെലവഴിക്കും എന്നതു തീരുമാനിക്കുന്നു. ഇത് ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും വലുതും നിർണായകവുമായ തിരഞ്ഞെടുപ്പാണ്. കാരണം, ആ തീരുമാനത്തിന് ശാശ്വതമായ അനന്തരഫലം ഉണ്ട്.

ദൈവം ലോകത്തെ എത്രമാത്രം സ്നേഹിച്ചുവെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു, അവൻ തന്റെ ഏകജാതനായ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി നൽകി. സകല മനുഷ്യരുടെയും പാപങ്ങൾക്കായി ക്രൂശിൽ മരിക്കാൻ പിതാവായ ദൈവം തന്റെ പുത്രനെ അനുവദിച്ചു. മൂന്നാം ദിവസം അവൻ മരണത്തെ ജയിച്ചു ഉയിർത്തെഴുന്നേറ്റു..
അതിനാൽ ഇന്ന് യേശുക്രിസ്തുവിനെ തങ്ങളുടെ സ്വന്തരക്ഷകനായി വിശ്വസിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന ആരും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കും.

നിങ്ങൾ ഈ യേശുവിനെ സ്വീകരിക്കുമോ? മരണാനന്തരം നിങ്ങളുടെ ജീവിതഗതിയെ പൂർണമായി മാറ്റാൻ കഴിയുന്ന ഈ തിരഞ്ഞെടുപ്പ് താങ്കൾനടത്തുമോ? യേശുവിനെ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പായി അംഗീകരിക്കുക.