ആ ഡോക്ടറോടൊന്നു സംസാരിക്കാമോ ?

കൃത്യമായ ദിവസമോ തീയതിയോ ഒന്നും ഓർമ്മയില്ല, ഏകദേശം നാലു
വർഷങ്ങൾക്കു മുമ്പുള്ള  ഒരു പ്രഭാതം; ഒരു പതിനൊന്നുമണി സമയമായി കാണും.
തിരുവനന്തപുരം റീജീ ന ൽ ക്യാൻസർ സെന്ററിലെ കീമോതെറാപ്പി വാർഡിനു
മുന്നിൽ ആളുകൾ അവരവരുടെ ഊഴം കാത്തിരിക്കുകയാണ്. ആരുടെയോ
സഹായിയായി ഞാനും അവിടെ എത്തിയതാണ്. പല പ്രാവശ്യം
വന്നിട്ടുള്ളതുകൊണ്ട് എനിക്ക് സുപരിചിതമായ അന്തരീക്ഷം; പല സംസ്‌കാരത്തിലും സ്ഥലങ്ങളിലും ജീവിക്കുന്ന ആളുകൾ ഇവിടെ യാതൊരു
വേർതിരിവുമില്ലാതെ അന്യോന്യം അവരുടെ വിഷമങ്ങൾ പങ്കുവക്കുന്നു,
ആരോടും ഒന്നും പറയാതെ എല്ലാ വേദനകളും മനസിലൊതുക്കി വന്നതെല്ലാം
വിധിയാണെന്ന് കരുതിയിരിക്കുന്നവർ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പല
മുഖങ്ങളെയും എനിക്കവിടെ കാണാൻ കഴിഞ്ഞു.

ചുറ്റും വീക്ഷിച്ചിരിക്കവേ ആരോ ഊതിപ്പറപ്പിച്ചപോലെ ഒരു ഷാൾ എന്റെ അടുത്തേക്ക്
പറന്നു വന്നു. അതെടുത്തുകൊണ്ടു പിന്നിലേക്ക് നോക്കുന്നതിനിടയിൽ ഏകദേശം
പതിനെട്ടു വയസ്സു  തോന്നിക്കുന്ന ഒരു പെൺകുട്ടി എനിക്കുനേരെ ദയനീയമായ്
അവളുടെ കൈനീട്ടി, ആ ഷാൾ അവളുടെ തലയിൽ നിന്ന് പറന്നതാണ് .
ആവശ്യമായ മുടി ആ തലയിൽ ഇല്ലാത്തതുകൊണ്ടാവണം ചെറിയൊരു
കാറ്റിൽ പോലും ഷാളിന്  പിടിച്ചു നില്ക്കുവാൻ കഴിയാഞ്ഞത്. അവളുടെ ആ
വിറങ്ങലിച്ച നോട്ടത്തിൽ നിന്നു തന്നെ വ്യക്തം, മനുഷ്യർ മാരകമെന്നു കരുതുന്ന
ക്യാൻസർ രോഗത്തിന്റെ പിടിയിലമർന്ന നിസ്സഹായ കൗമാരക്കാരി!

ഒന്നു മടിച്ചെങ്കിലും വിവരങ്ങൾ തിരക്കി; ഇംഗ്ലീഷ് ബിരുദ പഠനം നടത്തുന്ന ഒരു
പാലക്കാടുകാരി പെൺകുട്ടി. കൂടെയിരിക്കുന്ന പ്രായമുള്ള സ്ത്രീയുടെ നിറഞ്ഞു
തുളുമ്പിയ കണ്ണുകൾ കണ്ടാലറിയാം… അവളുടെ അമ്മയാണെന്ന്.. അതൊന്നു
ചോദിച്ചുറപ്പിക്കുകയും ചെയ്തു. തകർന്നു പോകുന്ന ഒരുപാടു സ്വപ്‌നങ്ങൾ..
പാതി വഴിയിൽ പൊലിഞ്ഞു പോയേക്കാവുന്ന ജീവിതം..അധികം
സംസാരിക്കുവാൻ മുതിരാതെ അവൾ തല താഴ്ത്തി… എല്ലാം ശരിയാകും എന്ന
പതിവു വാചകം ആവർത്തിച്ച് ഞാൻ സംസാരം നിർത്തുമ്പോൾ,” ഇനിയതല്ലേ
ചേട്ടാ പറയാൻ പറ്റൂ” എന്നു പറഞ്ഞ ആ കുട്ടിയുടെ വാക്കുകൾ ഇന്നും
ഹൃദയത്തിൽ വിങ്ങലായി ധ്വനിക്കുന്നു.

അവളിന്നു ജീവിച്ചിരിപ്പുണ്ടോ,ഇല്ലയോ ഒന്നും അറിയില്ല. സംസാരിക്കേണ്ടിയില്ലായിരുന്നു എന്ന തോന്നലിൽ ഇരുന്ന കസേരയിൽ നിന്നെഴുന്നേറ്റപ്പോൾ ഇതുവരെ തോന്നാത്ത ഒരു ചിന്ത മനസ്സിൽ
തോന്നി…മനുഷ്യൻ എത്ര നിസ്സഹായനാണ് ! ലോകത്തിൽ എന്തെല്ലാം ഉണ്ടെന്നു
പറഞ്ഞാലും അവൻ ചില പരിമിതികളിൽ കെട്ടപ്പെട്ടവനാണ്. ആ പരിമിതികളിൽ
ഒന്നാണ് ഒരുനാൾ അവളിലേക്ക്‌ ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയ ഈ
മാരക രോഗം, അവളൊരിക്കലും ഇത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, ഒരു പക്ഷേ
രംഗബോധമില്ലാത്ത മരണമെന്ന കൂട്ടുകാരനോടൊപ്പം അവൾക്കു പോയേ
മതിയാവൂ. ഇതല്ലെങ്കിൽ മറ്റൊരു കാരണം…നമ്മുടെ അവസ്ഥയും
വ്യത്യസ്തമല്ല.

ഒരു പക്ഷെ നാമും ഇത്തരത്തിലുള്ള പലവിധമായ പ്രശ്‌നങ്ങളിൽ കൂടെ കടന്നു
പോകുന്നവരായിരിക്കും. ഡോക്ടർമാരും കൈവിട്ടെന്നുവരാം.. എന്നാൽ
ബൈബിളിൽ സർവ്വശക്തനായ ദൈവം പറഞ്ഞ വാക്കുകൾ
രേഖപ്പെടുത്തിയിരിക്കുന്നു,” ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല
ഉപേക്ഷിക്കുകയുമില്ല” (എബ്രായർ 13.5).
എന്നാൽ നാമറിയാതെ നമ്മുടെ ജീവിതത്തെ നിത്യമായി കാർന്നു തിന്നുന്ന ഒരു
മാരക രോഗമുണ്ട് ! അത് ക്യാൻസറിനെക്കാളും ഭയാനകമായ വേദന
നൽകുന്നതാണ്. അതിന്റെ പരിണിതഫലങ്ങൾ നാമറിയാതെ നമ്മുടെ ജീവിതത്തെ
നിത്യമായ മരണത്തിലേക്ക്‌ തള്ളി വിടാൻ ശേഷിയുള്ളതുമാണ്. ഈ രോഗത്തിന്
ഒരുപക്ഷെ ആധുനീക വൈദ്യശാസ്ത്രത്തിൽ പേരില്ലായിരിക്കാം. പക്ഷെ ബൈബിൾ
അതിനെ പാപം എന്ന് വിളിക്കുന്നു. എന്നാൽ പാപിയായ ഒരു മനുഷ്യനെ
ഏറ്റെടുത്തുകൊണ്ട് അവന്റെ സകല പാപങ്ങളും ചികിൽസിച്ചു ഭേദമാക്കുവാൻ
പ്രാപ്തനായ ഒരു നല്ല വൈദ്യനുണ്ട്. നമ്മുടെ ഹൃദയങ്ങളെയും, മനസിനെയും ,
ആത്മാവിനെയും തൊട്ടു സൗഖ്യമാക്കുവാൻ കഴിവുള്ളവനായ ഒരുവൻ ;
അത് മറ്റാരുമല്ല! ലോകരക്ഷിതാവായ കർത്താവായ യേശുക്രിസ്തു. നാം
നിസഹായരായി തീരുമ്പോൾ  നമുക്കു സഹായമേകാൻ, കൂടെ നിൽക്കുവാൻ
അവിടുത്തേക്കു മാത്രമേ സാധിക്കൂ…
വിശുദ്ധ ബൈബിൾ രേഖപ്പെടുത്തുന്ന ക്രിസ്തുവചനം ശ്രദ്ധിക്കുക,
“ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെകൊണ്ട് ആവശ്യമില്ല,ഞാൻ
നീതിമാന്മാരെയല്ല പാപികളെയത്രെ വിളിക്കുവാൻ വന്നത് എന്ന് പറഞ്ഞു”
( മർക്കൊസ് 2:17).
ഞാൻ ഇന്ന് മനസുകൊണ്ടാഗ്രഹിക്കുകയാണ് പേരറിയാത്ത ആ കുട്ടിക്ക് ഈ
ദൈവത്തെ ഒന്നറിയാൻ കഴിഞ്ഞിരുന്നെങ്കിൽ!